2010 ഡിസംബർ 8, ബുധനാഴ്‌ച

ഇസ്‌ലാമിനെക്കുറിച്ച്‌ പഠനം നടത്താന്‍ എന്ന പേരില്‍ അമേരിക്കയില്‍ നിരവധി
അക്കാദമിക സ്ഥാപനങ്ങള്‍ നിലവിലുണ്ട്‌. അത്‌ കൂണ്‍ പോലെ
പെരുകിക്കൊണ്ടിരിക്കുകയുമാണ്‌. ഉദാഹരണത്തിന്‌,  'സെന്റര്‍ ഫോര്‍ ദി സ്റ്റഡി
ഓഫ്‌ പൊളിറ്റിക്കല്‍ ഇസ്‌ലാം ' എടുക്കാം. 'ബില്‍ ഫ്രഞ്ച്‌' എന്ന്‌ പേരുള്ള
ഒരു മുന്‍ പ്രൊഫസറാണ്‌ ഈ സ്ഥാപനം നടത്തുന്നത്‌. ചരിത്രത്തിലോ മത
വിഷയങ്ങളിലോ അവഗാഹമുള്ളയാളായിരിക്കും ബില്‍ ഫ്രഞ്ച്‌ എന്നു നിങ്ങള്‍
കരുതിയെങ്കില്‍ തെറ്റി. ടെന്നിസി സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍
ഫിസിക്‌സിന്റെ പ്രൊഫസറായിരുന്നു ഇദ്ദേഹം! ഇസ്‌ലാമിനെക്കുറിച്ചോ
പൊളിറ്റിക്കല്‍ സയന്‍സിനെക്കുറിച്ചോ യാതൊന്നുമറിയാത്ത ഇയാളാണ്‌ ഇസ്‌ലാം
പഠനസ്ഥാപനം നടത്തുന്നത്‌. ഇദ്ദേഹം 'ബില്‍ വാര്‍നര്‍' എന്ന തൂലികാനാമത്തില്‍
'ശരീഅ ലോ ഫോര്‍ നോണ്‍ മുസ്‌ലിംസ്‌ ' എന്ന ശീര്‍ഷകത്തില്‍ ഒരു ഗ്രന്ഥവും
രചിച്ചിട്ടുണ്ട്‌. സത്യത്തിന്റെ അംശം പോലും കലരാത്ത `വിവര'ങ്ങളാണ്‌
പുസ്‌തകത്തിലുടനീളം.

മുസ്‌ലിംകള്‍ നിരത്തുകളിലിറങ്ങി നമസ്‌കരിക്കുന്നതിനാല്‍ ലണ്ടനില്‍
ട്രാഫിക്‌ ബ്ലോക്കാണ്‌ എപ്പോഴുമെന്ന്‌ ഇയാള്‍ തട്ടിവിടുന്നുണ്ട്‌!
യൂറോപ്പില്‍ പലേടത്തും മുസ്‌ലിംകള്‍ മാത്രം അധിവസിക്കുന്ന
പ്രദേശങ്ങളുണ്ടെന്നും അവിടെ അവര്‍ക്കു പ്രത്യേക `ശരീഅ' നിയമങ്ങളാണെന്നും
പുസ്‌തകത്തില്‍ പറയുന്നു. ബ്രിട്ടീഷ്‌ കോടതികള്‍ അനുവദിക്കുന്ന പ്രത്യേക
നിയമമനുസരിച്ച്‌ ക്രിസ്‌ത്യാനികള്‍ക്ക്‌ മുസ്‌ലിംകളോട്‌ പ്രബോധനം
നടത്താനോ പ്രസിദ്ധീകരണങ്ങള്‍ നല്‌കാനോ കഴിയുന്നില്ലെന്നും അവിടങ്ങളില്‍
ഇസ്‌ലാമിക പാഠപുസ്‌തകങ്ങള്‍ പഠിപ്പിക്കുന്നുണ്ടെന്നും ആരോപിക്കുന്നു.
മുസ്‌ലിംകള്‍ക്ക്‌ അമുസ്‌ലിം സ്‌ത്രീകളെ വ്യഭിചരിക്കല്‍
അനുവദനീയമായതിനാല്‍, ഈ കുറ്റത്തില്‍ നിന്ന്‌ മുസ്‌ലിംകളെ
അന്വേഷണമുക്തമാക്കാന്‍ സ്വീഡന്‍ അനുമതി നല്‌കിയിട്ടുണ്ടെന്ന്‌ ഇയാള്‍
എഴുതുന്നു!!! `ഇസ്‌ലാമിക ശരീഅത്തി'നെ അടിസ്ഥാനപ്പെടുത്തിയുള്ള നിയമങ്ങളുടെ
ഫലമാണ്‌ ഇതെല്ലാമെന്നാണ്‌ ബില്‍ വാര്‍നര്‍ സംഗ്രഹിക്കുന്നത്‌.
ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരിലുള്ള  `നുണ ഗവേഷണ' ത്തിന്റെ ഒരു
സാമ്പിള്‍ മാത്രമാണ്‌ ബില്‍ ഫ്രഞ്ചിന്റെ സ്ഥാപനം. വിവാദമായ മാന്‍ഹാട്ടന്‍
പള്ളിയുടെ (ഗ്രൗണ്ട്‌ സീറോ) എതിരാളിയായ  'പമീല ഗില്ലര്‍'  മറ്റൊരു
`വിദഗ്‌ധ'യാണ്‌. `സ്റ്റോപ്പ്‌ ഇസ്‌ലാമൈസേഷന്‍ ഓഫ്‌ അമേരിക്ക' എന്നൊരു
സ്ഥാപനവും ഇവര്‍ നടത്തിവരുന്നു. ഇസ്‌ലാമിന്റെ ആപത്തിനെക്കുറിച്ച്‌
പഠനഗവേഷണങ്ങളും സര്‍വേകളും നടത്താനും വെബ്‌സൈറ്റുകളും ബ്ലോഗുകളും
പുസ്‌തകങ്ങളും രചിച്ചു പ്രചരിപ്പിക്കാനും വേണ്ടി പ്രവര്‍ത്തിക്കുന്ന
ഏജന്‍സികളെക്കുറിച്ച്‌ പത്രപ്രവര്‍ത്തകയായ ' ബോബ്‌ സ്‌മീറ്റന'  (Bob
Smietana) ഒരു റിപ്പോര്‍ട്ട്‌ ടെന്നിസിയന്‍ ന്യൂസ്‌ പേപ്പറില്‍
പ്രസിദ്ധീകരിക്കുകയുണ്ടായി. അറബികളെക്കുറിച്ചും ഇസ്‌ലാമിനെക്കുറിച്ചും
ഭയവും വെറുപ്പും അഴിച്ചുവിടുന്ന  'ഇസ്‌ലാമോഫോബിയ ബിസിനസ്'‌ ഇന്ന്‌
അമേരിക്കയില്‍ ബഹുകോടികള്‍ `വിറ്റുവരവുള്ള' ഇന്‍ഡസ്‌ട്രിയാണെന്നാണ്‌
'ബോബ്‌' എഴുതുന്നത്‌.

2008 ല്‍ മാത്രം 3,390,000 ഡോളര്‍ അറ്റാദായമുള്ള 'SAE പ്രൊഡക്‌ഷന്‍സ്‌'
കമ്പനി പ്രശസ്‌തമായ ഇസ്‌ലാമോഫോബിയ ഇന്‍ഡസ്‌ട്രിയാണ്‌. ' സ്റ്റീവ്‌
എമേഴ്‌സന്‍'  ഉടമയായ ഈ കമ്പനി, അമേരിക്കയും വിദേശ മുസ്‌ലിം സമൂഹവും
തമ്മിലുള്ള ബന്ധങ്ങള്‍ പഠനവിധേയമാക്കുന്ന ജോലിയാണ്‌ ചെയ്യുന്നത്‌.
രാജ്യാന്തര ഭീകരവാദം മുസ്‌ലിംകളിലൂടെ അമേരിക്കയിലേക്കു
കടന്നുവരുന്നതിന്റെ വഴികള്‍ തേടുന്ന ഈ സ്ഥാപനത്തിന്‌, ഭീകരതക്കെതിരിലുള്ള
പ്രൊജക്‌ടുകളാണ്‌ ഫണ്ട്‌ നല്‌കുന്നത്‌. ഭീകരതയുമായി ബന്ധപ്പെടുത്തി,
'ശരീഅത്ത്‌, ജിഹാദ്‌ 'തുടങ്ങിയ വിഷയങ്ങളെ ദുര്‍വ്യാഖ്യാനിക്കുന്ന പഠന
സ്ഥാപനങ്ങളും `ഗവേഷണ'സ്ഥാപനങ്ങളുടെ മറവില്‍ പ്രവര്‍ത്തിക്കുന്നു. റീഗന്‍
കാലത്ത്‌ അമേരിക്കയുടെ അസി.ഡെപ്യൂട്ടി ഡിഫന്‍സ്‌ സെക്രട്ടറിയായിരുന്ന
'ഫ്രാങ്ക്‌ ഗഫ്‌നി', ഇപ്പോള്‍ വാഷിംഗ്‌ടണില്‍ `സെന്‍ര്‍ ഫോര്‍ സെക്യൂരിറ്റി
പോളിസി' എന്ന ഒരു സ്ഥാപനം നടത്തുന്നുണ്ട്‌. ആ സ്ഥാപനം 2008ല്‍ 288,300
ഡോളര്‍ ഇത്തരം ഗവേഷണങ്ങള്‍ക്കായി ശമ്പള ഇനത്തില്‍ നല്‌കിയിട്ടുണ്ടത്രെ!
ഇസ്‌ലാംഭീതിയുടെ മൊത്ത വില്‌പന നടത്തുന്ന ഒരു പ്രമുഖ വെബ്‌സൈറ്റാണ്‌
'ജിഹാദ്‌ വാച്ച്‌' . ' റോബര്‍ട്ട്‌ സ്‌പെന്‍സര്‍ 'ആണ്‌ ഉടമസ്ഥന്‍. ഒരു നവയാഥാസ്ഥിതിക സംഘടനയില്‍ നിന്ന്‌ 132,537 ഡോളര്‍ ഈ സ്ഥാപനം 2008ല്‍ പറ്റിയിട്ടിണ്ടെന്നും ACT for America, American Congress for Truth തുടങ്ങിയ സ്ഥാപനങ്ങള്‍ നടത്തുന്ന 'ബ്രിജി ട്യൂഡര്‍ '(Brigitte Tudor) 152,810 ഡോളറും 'ഗയ്‌റോഗേഴ്‌സ്‌' 154,900 ഡോളറും ഈ കാലയളവില്‍ നേടിയിട്ടുണ്ടെന്നും ബോബിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.



വാഷിംഗ്‌ടണ്‍ പോസ്റ്റില്‍ ഈയിടെ ' ഫ്രാങ്ക്‌ മാര്‍ട്ടിന്‍ ' എഴുതിയ ഒരു ലേഖനം
പ്രസിദ്ധീകരിച്ചിരുന്നു. യു എസ്സില്‍ ഇപ്പോള്‍ ഇസ്‌ലാം വിരോധത്തിന്റെ
സമ്പൂര്‍ണ പശ്ചാത്തലം ഒരുങ്ങിക്കഴിഞ്ഞതായി അതില്‍ വ്യക്തമാക്കുകയുണ്ടായി.
മുസ്‌ലിംവിരുദ്ധ ബ്ലോഗുകള്‍, സമ്പന്നരായ പണക്കാരുടെ സഹായം, ശക്തമായ
തിങ്ക്‌ടാങ്കുകളുടെ പ്രവര്‍ത്തനം, പ്രചാരമുള്ള മാധ്യമങ്ങളുടെയും
പത്രപ്രവര്‍ത്തകരുടെയും പിന്തുണ, രാഷ്‌ട്രീയക്കാരുടെ കലവറയില്ലാത്ത
സഹകരണം എന്നീ ഘടകങ്ങളെല്ലാം ആ പശ്ചാത്തല നിര്‍മിതിയുടെ കാരണമായി
മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌. ലോകത്തിലെ ഒന്നര ബില്ല്യന്‍
വരുന്ന മുസ്‌ലിംകള്‍ അമേരിക്കന്‍ ഭരണകൂടത്തെ സ്ഥാനഭ്രഷ്‌ടമാക്കാനും
ഭാവിയില്‍ ശരീഅത്ത്‌ അനുകൂല നിയമനിര്‍മാണം കൊണ്ടുവരാനും ഗൂഢാലോചന
നടത്തുന്നതായി 'ഇസ്‌ലാമോഫോബുകള്‍' വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്ന്‌
മാര്‍ട്ടിന്‍ എഴുതുന്നുണ്ട്‌.

ഈ പശ്ചാത്തലം മുന്നില്‍ വെച്ച്‌, ഇതിനോടകം തിരുവനന്തപുരം നഗരത്തിലെ
മുസ്‌ലിംവീടുകള്‍ കേന്ദ്രീകരിച്ച്‌ നടന്ന്‌ സര്‍വേയെ നോക്കിക്കാണാവുന്നതാണ്‌. അമേരിക്കന്‍ സ്ഥാപനമായ ' പ്രിന്‍സ്റ്റണ്‍ സര്‍വേ റിസര്‍ച്ച്‌ അസോസിയേറ്റ്‌സ്‌ ഇന്റര്‍നാഷണ' ലിനു വേണ്ടി ' ടി എന്‍ എസ്‌ ' എന്ന മാര്‍ക്കറ്റിംഗ്‌ സ്ഥാപനമാണ്‌ സര്‍വേ നടത്തിയത്‌. മുസ്‌ലിംകളുടെ പൗരബോധം, രാഷ്‌ട്രീയ വീക്ഷണം, മതാഭിമുഖ്യം, മുസ്‌ലിം രാജ്യങ്ങളോടും അമേരിക്ക, ഇസ്‌റാഈല്‍ രാജ്യങ്ങളോടും പാശ്ചാത്യരോടുമുള്ള സമീപനം തുടങ്ങിയ വിഷയങ്ങളില്‍ വിവരം ശേഖരിക്കുകയാണ്‌ സര്‍വേയുടെ ലക്ഷ്യം. അമേരിക്കയില്‍ അടുത്ത കാലത്തായി ശക്തിപ്പെട്ട ഇസ്‌ലാം വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിക്കൂടെന്നില്ല കേരളത്തില്‍ നടന്ന സര്‍വേയും. സര്‍ക്കാരും സമൂഹവും ഇത്തരം രഹസ്യാന്വേഷണങ്ങളെക്കുറിച്ച്‌ ജാഗ്രത കൈവിട്ടുകൂടാ

-മുജീബ്റഹ്മാന്‍ കിനാലൂര്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ